05:23am 27 August 2026
NEWS
വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാരും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇരകൾ; പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം


13/05/2025  04:09 PM IST
nila
വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാരും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇരകൾ; പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം

രാജ്യത്തെ പിടിച്ചുലച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവി ശിക്ഷാവിധിയിൽ വ്യക്തമാക്കി. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവർക്കാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. 

2016നും 2019നും ഇടയിൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാരും യുവ ഡോക്ടർമാരും ഉൾപ്പെടെയുള്ളവരെയാണ് സംഘം പീഡനത്തിനിരയാക്കിയത്. 2019 ഫെബ്രുവരിയിൽ ഒരു കോളജ് വിദ്യാർത്ഥിനി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ ക്രൂരത പുറംലോകം അറിയുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴി സ്ത്രീകളെ പരിചയപ്പെട്ട് വിളിച്ചുവരുത്തി ബലാത്സം​ഗത്തിനിരയാക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ബലാത്സം​ഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ വീണ്ടും പീഡനത്തിന് വിധേയമാക്കി. സംഭവത്തിൽ സാമ്പത്തിക ചൂഷണവും നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

പൊള്ളാച്ചി സ്വദേശിനിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണു സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം, സംസാരിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി നി‍ര്‍ബന്ധിച്ചു കാറില്‍ കയറ്റി. വഴിയില്‍വച്ചു മറ്റു മൂന്നു പ്രതികള്‍കൂടി കാറില്‍ കയറി. നാലുപേരും ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീടു വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img